Saturday, March 21, 2020

ലോകം, ഏകാന്തമാകുമ്പോള്‍.



              ലോകം പ്രതിരോധത്തിന്റെ വഴിതേടുകയാണ്. പരിഹാരത്തിന്റെ ആത്മാവ് തിരയുകയാണ്. ആതുരാലയമായമാകുന്ന ഭൂമിയുടെ വേദനിക്കുന്ന മുറിപ്പാടുകളില്‍ പുരട്ടാന്‍ മരുന്നില്ലാതെ ആധുനിക ലോകം കൈമലര്‍ത്തുന്നു. വുഹാനിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡിസംബറിലെ രണ്ടാം വാരത്തിലായിരുന്നു ഈ സൂക്ഷമാണുവിന്റെ പ്രയാണമാരംഭിക്കുന്നത്. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ കണ്ണികളെ പിഴുതെറിഞ്ഞാണ് നോവല്‍ കൊറോണ എന്ന വൈറസ് യാത്രയാരംഭിച്ചത്. ശ്വാസനാളങ്ങളില്‍ പിടിമുറുക്കിയപ്പോള്‍ ലോകം വീര്‍പ്പുമുട്ടി. പിന്മാറാതെ അതിരുകള്‍ കടന്ന് പറക്കുന്നതിനിടയില്‍ ലോകം നല്‍കിയ പുതിയ പേരാണ് കോവിഡ് 19.  മരണത്തിന്റെയും രോഗബാധിതരുടെയും കണക്കുകള്‍ പെരുകുമ്പോള്‍ അതിന്റെ സഞ്ചാര പഥങ്ങളില്‍ സകല ബിംബങ്ങളും മാറ്റിമറിക്കപ്പെടുകയാണ്.

കണ്ണിയറ്റു പോകാതെ അണിയണിയായി ഒരുമിക്കാനുള്ള ആഹ്വാനങ്ങളെല്ലാം തിരുത്തിക്കഴിഞ്ഞു. ചങ്ങലകളുടെ കണ്ണികള്‍ വിളക്കിച്ചേര്‍ത്തവര്‍ തന്നെ അവ പിഴുതെറിയാന്‍ ആവര്‍ത്തിച്ചു. ആരാധനാലയങ്ങളുടെ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു. ഓരോരുത്തരും അവനവന്റെ മുറികളിലേക്ക് ചേക്കേറി. പട്ടണങ്ങളില്‍ പറന്നിറങ്ങിയവര്‍ ഗ്രമങ്ങളില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്രാമീണര്‍ അലോസരപ്പെട്ടു. മഹാനഗരങ്ങള്‍ സൃഷ്ടിച്ച മഹാമാരികളുടെ വാഹകരാണ് നിങ്ങള്‍ എന്നവര്‍ പിറുപിറുത്തു. ഒട്ടും ദൂരമില്ലാതായ ലോകത്തിന്റെ ഓരോ കോണിലും കോവിഡ് സ്ഥാനമുറപ്പിച്ചു. സൈ്വര്യവിഹാത്തിനായി വിമാനങ്ങളിലൂടെ നക്ഷത്രസൗകര്യങ്ങളാണ് വൈറസുകള്‍ക്ക് ലഭിച്ചതെങ്കിലും ഇന്ന് ഈ മഹാമാരിയെ ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍. ഭീതിയും ആശങ്കയും വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു.

ശാസ്ത്രത്തിന്റെ വിധിന്യായങ്ങള്‍ക്കായി ലോകം കാത് കൂര്‍പ്പിച്ചിരിക്കുകയാണ്. നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഗൗരവത്തോടെ സ്വീകരിക്കുന്നു.
ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍  പണ്ഡിതനും, പാമരനും, ഭരണാധികാരിയും, പുരോഹിതനും എല്ലാം ഒരേമനസ്സോടെ കാതോര്‍ത്തിരിക്കുന്നു. ഈ മഹാവ്യാധിയുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നത് വരെയെങ്കിലും; ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവുമെല്ലാം മൗനത്തിന്റെ ഇടവേളയൊരുക്കുന്നു.

തീവ്രമായ മുന്നൊരുക്കത്തോടെയാണ്‌ എല്ലാ രാജ്യങ്ങളും ആ രാജ്യക്കാരും ഈ പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറായിരിക്കന്നത്. കൂടിച്ചേരലുകളില്ലാത്ത കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ ആരോഗ്യപ്രവര്‍ത്തനങ്ങളുടെ കാതല്‍. രാജ്യാതിര്‍ത്തികള്‍ അടച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യമായ അകല്‍ച്ച  പാലിക്കുവാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് അറിയിക്കുന്നു. അതല്ലാതെ ഫലപ്രദമായ മറ്റൊരു വഴിയും ഇത് വ്യാപിക്കാതിരിക്കാന്‍ ഇല്ല എന്നതിനാല്‍ എല്ലാ പൗരന്മാരും ഈ അറിയിപ്പ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. അല്‍പം ദിവസങ്ങളുടെ ഏകാന്തത (Isolation) ഒരു സമൂഹത്തിനോട് നാം നിറവേറ്റേണ്ട കടമയാണ്. സമൂഹ വ്യാപനം എന്ന മാരകമായ അവസ്ഥയെ ചെറുക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ആദരവോടെ അനുവര്‍ത്തിക്കാന്‍ നമുക്കാവേണ്ടതുണ്ട്. 

'കോളറ' എന്ന രോഗത്തെ ആസ്പദമാക്കി നോര്‍വീജിയന്‍ കവിയായ ഹെന്‍ഡ്രിക് വെര്‍ഗ്ലാന്‍ഡ് (Henrik Arnold Thaulow Wergeland) രചിച്ച ' ദി ഇന്ത്യന്‍ കോളറ ' എന്ന നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലോകം മുഴുവന്‍
വ്യാപിച്ചു കിടക്കുന്ന ബ്രട്ടീഷ് കൊളോണിയലിസമാണ് ഈ പകര്‍ച്ചവ്യാധി
ലോകം മുഴുന്‍ പടരാന്‍ കാരണം എന്ന്  അദ്ദേഹം
ഈ നാടകത്തിലൂടെ വിര്‍ശിച്ചു. അധിനിവേശ ശക്തികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി 'വെര്‍ഗ്ലാന്‍ഡ് ' എന്ന കവി ഉന്നയിച്ച അത്തരം ചോദ്യങ്ങള്‍ പുനര്‍ജ്ജനിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഒരു പുതിയ നാടകക്കാരനോ കവിയോ എഴുത്തുകാരനോ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു; എന്തുകൊണ്ടാണ് വുഹാനിലെ മാംസമാര്‍ക്കറ്റില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും നാശം വിതച്ചുകൊണ്ടേയിരിക്കുന്നു എന്ന്. കാരണം, എന്നും ചോദ്യങ്ങള്‍ ഭയമില്ലാതെ ചോദിക്കാന്‍ ശീലിച്ചിട്ടുള്ളത് കലാകാരന്മാരാണല്ലോ.

ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന ഈ രോഗത്തെ ഇക്കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പാന്‍ഡമിക് വിഭാഗത്തിലുള്ള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകം മുഴുവനും പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രം പാന്‍ഡെമിക് (Pandemic)  എന്ന് വിളിക്കുന്നത്. 1817 മുതല്‍ 1824 വരെയുള്ള കാലഘട്ടത്തില്‍ പൊട്ടിപ്പുറപ്പെട്ട കോളറ ഒരു പാന്‍ഡെമിക് വിഭാഗത്തില്‍ പെടുന്ന പകര്‍ച്ചവ്യാധിയായിരുന്നു. ബംഗാളില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട കോളറ ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്താലാന്റ്, സിങ്കപ്പൂര്‍, മലേഷ്യ, ചൈന, കിഴക്കന്‍ ആഫ്രിക്ക, മെഡിറ്ററേനിയന്‍ തീരം തുടങ്ങീ നിരവധി ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യയിലാകമാനം പടരുകയും 10,000 ബ്രട്ടീഷ് സൈനികരുടെയും അസംഖ്യം ഇന്ത്യക്കാരുടെയും
മരണകാരണമായി. 1829 - 51 കാലയളില്‍ ഉണ്ടായ രണ്ടാം കോളറ ലോകരാജ്യങ്ങളിലേക്ക് തന്നെ വ്യപിച്ചു. ഒരു ലക്ഷത്തിലധികം ആളുകല്‍ ഹങ്കറിയിലും, അന്‍പത്തിഅയ്യായിരത്തിലധികം ആളുകള്‍ ബ്രിട്ടന്‍, അയര്‍ലാന്റ് എന്നിവടങ്ങളിലും മരിച്ചു. കൂടാതെ റഷ്യ, അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പിന്നീട് വിവിധ കാലങ്ങളില്‍ ഉണ്ടായ വ്യാപനം ലോകം ഏറെ ഭീതിയോടെയാണ് നേരിട്ടത്. 

നിലവിലുള്ള മറ്റൊരു പ്രധാന പാന്‍ഡെമിക് രോഗമാണ് മദ്ധ്യ പശ്ചി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഉല്‍ഭവിച്ച എച്ച്.ഐ.വിയും, എയിഡ്‌സും. ഫലപ്രദമായ വിദ്യാഭ്യാസവും മറ്റും കാരണത്താല്‍ രോഗബാധയുടെ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും; ഇന്ത്യയില്‍ 2.11 ദശലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരായി ഉണ്ട് എന്ന, ദേശീയ National AIDS Control Organisation  ന്റെ 2015 ലെ കണക്ക്    ഇത്തരം രോഗങ്ങളുടെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. 

ജനസമൂഹത്തെ മൊത്തമായി ബാധിക്കുന്ന രോഗാവസ്ഥകളെ എപ്പിഡെമിക് എന്നാണ് വിളിക്കുന്നത്. കോളറയെപ്പോലെ തന്നെ വസൂരി, ഇന്‍ഫ്‌ളുവന്‍സ, മലേറിയ, മഞ്ഞപ്പനി, ക്ഷയം, കുഷ്ടരോഗം, പ്ലേഗ്, എബോള, നിപ്പ തുടങ്ങിയ നിരവധി രോഗങ്ങളുടെ സംഹാര ശക്തി തിരിച്ചറഞ്ഞു തന്നെയായിരുന്നു മനുഷ്യരാശിയുടെ പ്രയാണവും. 

മലയാളിയുടെ പോയകാലത്തിന്റെ ആരോഗ്യ ചരിത്രം എത്രമാത്രം സങ്കീര്‍ണ്ണത നിറഞ്ഞതായിരുന്നു എന്നതിന്റെ ഒരു തിരിഞ്ഞു നോട്ടം ഈ മാഹാവ്യാധിയുടെ കാലത്ത് പ്രസക്തമാണ്. വൈദ്യശാസ്ത്രം വികസിച്ചിട്ടില്ലാത്ത പോയ കാലങ്ങളില്‍ മനുഷ്യന്‍ നേരിട്ട മാറാവ്യാധികളുടെ ദുരന്ത ചരിത്രം ഈ ആധുനിക യുഗത്തിലെ 'കൊറോണാ'കാലത്ത് ചേര്‍ത്തു വായിക്കാം. 

ജീവത നിലവാരത്തിലായാലും ആരോഗ്യ രംഗത്തും കേരളീയര്‍ ഏറെ മുന്നിലാണ് എന്നത് വസ്തുതയാണ്. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയും ജനങ്ങളുടെ ശരിയായ ഇടപെടലുകളും സര്‍ക്കാരുകളുടെ കാലാനുസൃതവും നൂതനവും അനിവാര്യവുമായ പ്രവര്‍ത്തനങ്ങളും എല്ലാം തന്നെ മലയാളിയുടെ ആരോഗ്യ രംഗം കരുത്തുള്ളതാക്കി. 

എന്നാല്‍ ഒരു കാലത്ത് നാം തൂത്തെറിഞ്ഞ കോളറ കഴിഞ്ഞ വര്‍ഷങ്ങളില്‍ വീണ്ടും തിരിച്ചെത്തിയതും മറ്റും ഗൗരവത്തോടെ കണേണ്ടതാണ്. വിട്ടുവീഴ്ചയില്ലാത്ത വൃത്തിയും വെടിപ്പും നമ്മുടെ കൂടപ്പിറപ്പാണെങ്കിലും വൃത്തിഹീനമായ പരിസരങ്ങളും മാലിന്യ കൂമ്പാരങ്ങളും നമുക്ക് അന്യമല്ലല്ലോ. വ്യക്തിശുചിത്വത്തിന് സ്വന്തം വീട് മാത്രവും, മാലിന്യ നിക്ഷേപത്തിന് പൊതുവിഴികളും തിരഞ്ഞെടുക്കുന്ന നമ്മളില്‍ പലരും തന്നെയാണ് ഭൂമിയെ വിഷമയമാക്കുന്നത്‌.

മാഹാമാരികളെ പിടിച്ചു കെട്ടിയ കേരളത്തിന്റെ ഒരു പഴയ ചരിത്രം നമുക്കുമുണ്ട്. വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും, ഗതാഗത സൗകര്യങ്ങളും, ആരോഗ്യ കേന്ദ്രങ്ങളും ഒന്നും ഇല്ലാതിരുന്ന; അധികം അകലെയാല്ലാത്ത ഭൂതകാലത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ അത് വ്യക്തമാകും. വസൂരിയും, കുഷ്ടവും, കോളറയും പോലെയുള്ള നിരവധി രോഗങ്ങള്‍ എത്രയോ മനുഷ്യരുടെ ജീവന്‍ കവര്‍ന്നു. പ്രകൃതിയോട് മല്ലടിച്ചു ജീവിച്ച അവര്‍ അന്ന് അതിനെ ദൈവകോപമായി കാണുകയും, മന്ത്രവാദങ്ങളും മറ്റും നടത്തി ജീവഹാനി വിളിച്ചു വരുത്തി. മറ്റു ചിലരാകട്ടെ നിലവിലുള്ള ചികിത്സാരീതികള്‍ സ്വീകരിച്ചു.
ആരോഗ്യ മുന്നറിയിപ്പുകളോ നവീന ചികിത്സാരീതികളോ ഒന്നുമില്ലാതിരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ അവരെ കൊന്നൊടുക്കി. മരിച്ചുവീഴുന്ന സമൂഹത്തെ നോക്കി ഒരു ജനത അന്ധാളിച്ചു ജീവിച്ചു. പക്ഷെ അന്നും ഭരണാധികാരികളും പരിഷകൃതരായ ജനതയും ഇത്തരം വിപത്തിനെതിരെ ജാഗ്രതയുള്ളവരായിരുന്നു. അതുകൊണ്ടു തന്നെയാണ് ലോകത്തിന്റെ പുതിയ ആരോഗ്യ ചലനങ്ങളെ തിരിച്ചറിയുവാനും അവ സ്വന്തമാക്കുവാനും എളുപ്പത്തില്‍ കേരളീയര്‍ക്ക് സാധിച്ചത്. 

ഇന്ന് ആരോഗ്യരംഗത്ത് മലയാളിയുടെ ആയുര്‍ ദൈര്‍ഘ്യം കൂടുതലാണ്. ശിശുമരണ നിരക്ക് കുറവാണ്. ആരോഗ്യ കേന്ദ്രങ്ങള്‍ ഓരോ ഗ്രമങ്ങളിലും സജീവമാണ്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറുകള്‍ സജീവ സന്നദ്ധരാണ്. പക്ഷെ, അപ്പോഴൊക്കെയും കേരളത്തിന്റെ അഴുക്കു ചാലുകളിലൂടെ രോഗാണുക്കളുടെ പ്രവാഹമുണ്ട് എന്നത് കാണാതിരിക്കാന്‍ സാധ്യമല്ല. പൊതു നിരത്തുകളിലും വിജനമായ പ്രദേശങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സമൂഹ്യവിരുദ്ധര്‍ വിളയാടുന്നതും പറയാതിരിക്കാന്‍ കഴിയില്ല. 

കോവിഡ് 19 എന്ന അപരിചിതമായ  മറ്റൊരു പകര്‍ച്ചവ്യാധിയെ ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്നു. വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരം ലഭിക്കുന്നു.
അവയെല്ലാം ഒട്ടും ഇളവില്ലാതെ പാലിച്ചാല്‍ എളുപ്പത്തില്‍ ഇതിനേയും നേരിടാന്‍ കഴിയും. സാമൂഹ്യ അകലം പാലിച്ച്, സാമൂഹ്യ വ്യാപനം തടഞ്ഞ് വ്യക്തിശുചിത്വത്തോടെ നേരിടേണ്ടതാണ് ഈ മഹാമാരി. കേരളത്തില്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പൊതുപരിപാടികള്‍ അവസാനിപ്പിച്ചു.പക്ഷെ, Social Distancing ലൂടെ ഈ രോഗം വ്യാപിക്കുവാനുള്ള എല്ലാ പഴുതുകളും ഇല്ലാതാക്കുമ്പോളും, സാമൂഹ്യമായി ഏറെ ഔന്നത്യങ്ങളിലാണെന്ന് ഘോഷിക്കുന്ന കേരളത്തിലെ
ആരാധനാലയങ്ങളിലെ തിരക്കവസാനിക്കാന്‍ സമയമേറെയെടുത്തു! ലോകം പകച്ചു നില്‍ക്കുന്ന ഈ രോഗത്തിന്റെ സാമൂഹ്യവ്യാപനം തടയേണ്ടത്‌ മനുഷ്യന്റെ കടമയാണ്. അത്‌കൊണ്ടാണല്ലൊ മാനവികത, മനുഷ്യത്വം എന്നെല്ലാം നാം ഇടതടവില്ലാതെ പ്രസംഗിക്കാറുള്ളത്...! അതീവ ഗൗരവത്തോടെ തന്നെയാണ് ഈ സാഹചര്യത്തെ നേരിടേണ്ടത്. ഇതൊരു യുദ്ധമാണ്. വൈറസിനെതിരെയുള്ള, അതിജീവനത്തിനായുള്ള മാനവരാശിയുടെ യുദ്ധം.

(2020 മാര്‍ച്ച് 3 ന് "മാതൃഭൂമി" ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment

മലപ്പുറം, ഒരു വിഹഗവീക്ഷണം

👉 വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന്, മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്ന...