Friday, March 6, 2020

കനല്‍പ്പാടുകള്‍


      പ്രപഞ്ചം അതിന്റെ ഓരോ ചലനങ്ങളും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഒഴുകിയെത്തിയ ഓരോ മണല്‍ത്തരികള്‍ക്കും അവയുടെ പ്രഭാവകാലത്തിന്റെ കഥ പറയാനുണ്ടാവുമല്ലോ. നദിയുടെ നിരന്തരമായ സ്പര്‍ശനം ഒരു വലിയ പാറക്കെട്ടിനെ ഇല്ലാതാക്കിയ കഥ. വെള്ളം നിര്‍മ്മലമായി തലോടിത്തലോടി കാഠിന്യമുള്ള മലമ്പാറയെ കടപുഴക്കിയെറിഞ്ഞ് പുഴയിലൂടെ ഓഴുക്കിയൊഴുക്കി ഒരു മണല്‍ത്തരിയാക്കിയ കഥ. ഒഴുകാന്‍ വെള്ളമില്ലാതായപ്പോള്‍ മെലിഞ്ഞുണങ്ങിയ പുഴയില്‍ ജരാനര ബാധിച്ച പോലെ പരന്നു കിടന്ന മണല്‍പ്പരപ്പുകളുടെ കഥ. ഓരോ മണല്‍ത്തരിയും ചരിത്രത്തിന്റെ ഭാഗമാണ്, തിരുശേഷിപ്പാണ്. പ്രകൃതി പരുവപ്പെടുത്തിത്തന്ന അടയാളങ്ങളാണ്. 

പ്രകൃതി ചരിത്രങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത കരുത്തുള്ള തെളിവായി അവയെല്ലാം നമുക്ക് മുന്നില്‍ സുവ്യക്തം. ഓരോ അടയാളങ്ങളും കൃത്യമായി വായിച്ചെടുക്കുവാനുള്ള കണ്ണുകളുണ്ടാവണം എന്ന് മാത്രം.
പിറവിയിലേക്കുള്ള വഴിക്കണ്ണുകളില്‍ കാഴ്ചക്കുറവുള്ള ആധുനിക സമൂഹം അവന്റെ അടയാളപ്പെടുത്തലുകള്‍ക്കായി പുതിയ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി. അങ്ങിനെ കാമറകളിലൂടെ ഓരോ മുഹൂര്‍ത്തങ്ങളും മനുഷ്യന്‍ ഒപ്പിയെടുത്തുകൊണ്ടേയിരുന്നു. അവയെല്ലാം അടയാളപ്പെടുത്തലുകളായിരുന്നു. ഭൂമിയുടെ, പ്രപഞ്ചത്തിന്റെ, മനുഷ്യന്റെ, സ്‌നേഹത്തിന്റെ, വിലാപങ്ങളുടെ, ദുരന്തങ്ങളുടെ.... . 

ഓരോ ദുരന്തങ്ങളും, കലാപങ്ങളും അതിന്റെ കാഠിന്യം വിളച്ചോതുന്ന അടയാളങ്ങള്‍ ബാക്കിയാക്കിയിട്ടുണ്ട്. തലമുറകള്‍ക്ക് കാണുവാനും വിലയിരുത്തുവാനും ആ പാടുകള്‍ തെളിവുകളായി അവശേഷിക്കും. ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട മുദ്ദാസിര്‍ ഖാന്റെ മൃതദേഹതത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന അദ്ദേഹത്തിന്റെ മകന്റെ മുഖം നമ്മോട് പലതും പറയുന്നുണ്ട്. ആ കണ്ണുകളില്‍ ഭാവിയുടെ ഭീതിയും നഷ്ടപ്പെടലിന്റെ വേദനയുമുണ്ട്. ദൈന്യതയാര്‍ന്ന ആ കണ്ണുകളില്‍ ഒരു രാജ്യത്തിന്റെ സാധാരണക്കാരായ മനുഷ്യരുടെ മുഴുവന്‍ വേവലാതികളുമുണ്ട്. Reuters പ്രസിദ്ധീകരിച്ച ഈ ചിത്രത്തിലൂടെ ലോകം കണ്ടത് വംശവെറിയുടെയും വര്‍ഗ്ഗവെറിയുടെയും ഇരകളെയാണ്. 

ചരിത്രം തിരുത്തിയെഴുതപ്പെടുന്ന ഈ കാലഘട്ടങ്ങളില്‍ ഇത്തരം അടയാളങ്ങള്‍ നിശ്ചല സത്യങ്ങളായി എന്നും അവശേഷിക്കും. പോയ കാലങ്ങളുടെ ചിത്രശേഖരങ്ങളിലും നിരവധി ദുരന്തമുഹൂര്‍ത്തങ്ങള്‍ നമുക്ക് കാണാം. 2002 ലെ ഗുജറാത്ത് കലാപത്തിലൂടെ പുറത്ത് വന്ന രണ്ട് ചിത്രങ്ങള്‍ നാം ഏറെ ചര്‍ച്ച ചെയ്തതായിരുന്നുവല്ലോ. ഈ ചിത്രങ്ങളിലൂടെ ആ കലാപത്തിന്റെ രണ്ട് മുഖങ്ങളായി മാറുകയായരുന്നു ഖുത്തുബുദ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും. എന്നാന്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരയും കുറ്റവാളിയും, കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിയോലപ്പറമ്പില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഒരുമിച്ചിരുന്നതും, മോച്ചി സമൂഹത്തെ നോക്കി ക്ഷമ ചോദിച്ചതും, സൗഹൃദം പങ്കുവെച്ചതും എല്ലാം ആ നിശ്ചല ചിത്രങ്ങളുടെ ശക്തി തന്നെയായിരുന്നു. 

2015 ല്‍ മെഡിറ്ററേനിയന്‍ കടല്‍ തീരത്ത്, ഭൂമിയുടെ സകല ക്രൂരതകളോടും പുറംതിരിഞ്ഞു-കമിഴ്ന്നു കിടന്ന സിറിയന്‍ കുരുന്ന് 'ഐല്‍ കുര്‍ദ്ദി' എന്ന മൂന്നുവയസ്സുകാരന്റെ ചേതനയറ്റ ശരീരം ലോകമനൂഭവിക്കുന്ന വംശവെറിയുടെയും അഭയാര്‍ത്ഥി പ്രതിസന്ധികളുടെയും അടയാളപ്പെടുത്തലായിരുന്നു. കനേഡിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഈ ചിത്രം പകര്‍ത്തിയത് തുര്‍ക്കി പത്രപ്രവര്‍ത്തകനായ നിലഫര്‍ ഡെമിര്‍ ആയിരുന്നു. 

പട്ടിണിയുടെ ക്രൂരമായ മുഖം ലോകത്തിന് മുന്നില്‍ അവതിപ്പിച്ച ദക്ഷിണാഫിക്കന്‍ ഫോട്ടോഗ്രാഫര്‍ കെവിന്‍ കാര്‍ട്ടറുടെ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ  'The vulture and the little girl' എന്ന ചിത്രം ആ ഫോട്ടോഗ്രാഫറുടെ ആത്മഹത്യക്ക് പോലും വഴിയൊരുക്കി. ജീവിതം ആഘോഷമാക്കുന്ന സമൂഹത്തിന് മുന്നില്‍, ഇന്നും മനുഷ്യര്‍ അനുഭവിക്കുന്ന പട്ടിണിയുടെ സത്യസന്ധമായ ആവിഷ്‌കാരമായിരുന്നു ആ ഫോട്ടോ. 1993 ലെ സുഡാനിലെ ആഭ്യന്തര യുദ്ധ കാലഘട്ടത്തില്‍ അവിടേക്ക് ഭക്ഷണപ്പൊതികളുമായി പോയ വിമാനത്തില്‍ യുദ്ധഭീകരത പകര്‍ത്താന്‍  പോയതായിരുന്നു കെവിന്‍. മെലിഞ്ഞുണങ്ങിയ ഒരു പെണ്‍കുട്ടിയുടെ തളര്‍ന്ന ശരീരത്തിനരികെ കുട്ടിയുടെ മരണവും കാത്ത് ഭക്ഷണത്തിനായി കാത്തിരുന്ന കഴുകന്റെ ഫോട്ടോ ലോക മന:സാക്ഷിയെ പിടിച്ചുലച്ചു. ആ കുഞ്ഞിനെ രക്ഷിക്കുന്നതിനായി 20 മിനിട്ട് സമയമുണ്ടായിട്ടും ഒരു മികച്ച ഫോട്ടാക്ക് മാത്രമായി കഴുകനെ ആട്ടിയകറ്റാതെ നിന്നു എന്ന വിമര്‍ശനം, കെവിന്‍ തന്‍െ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കുന്നതിലൂടെയാണ് നേരിട്ടത്. 

1972 ലെ വിയറ്റ്‌നാം യുദ്ധം ആവുന്നിടത്തോളം പകര്‍ത്തി മടങ്ങാനായി തയ്യാറാകുമ്പോഴായിരുന്നു ഫോട്ടോ ജേര്‍ണലിസ്റ്റായ 'നിക്ക്', വിവസ്ത്രയും ദേഹമാസകലം പോള്ളലുമായി ഓടിവരുന്ന ഒന്‍പതു വയസ്സുകാരിയായ 'ഫാന്‍തി കിം ഫുക്കിനെ' കണ്ടത്. വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ഈ ഫോട്ടോഗ്രാഫിന് നിക്കിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. പ്രസ്തുത ഫോട്ടോയിലെ ആ പെണ്‍കുട്ടി പിന്നീട് ഡോക്ടറാവുകയും യു.എന്നിന്റെ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുകയും ചെയ്തു. 

അദി ഹുദിയ എന്ന നാലുവയസ്സുകാരിയുടെ ഓമനത്വം തുളുമ്പുന്ന മുഖത്ത് വിരിഞ്ഞ നിസ്സഹായത പകര്‍ത്തിയത് സഗീറലി എന്ന തുര്‍ക്കി ഫോട്ടോഗ്രാഫറായിരുന്നു. സിറിയന്‍ കലാപത്തിന്റെ ഭീകതകള്‍ മാത്രം കണ്ടു പരിചയിച്ച കുട്ടി തന്റെ ഫോട്ടോ എടുക്കാന്‍ മുന്നിലേക്ക് നീട്ടിയ കാമറ തോക്കാണെന്ന് കരുതി കൈകള്‍ പൊക്കി അടിയറവ് പറയുന്ന ദയനീയമായ ചിത്രം ലോകം കണ്ടത് ഏറെ വേദനയോടെയായിരുന്നു.

ഒരു ഫോട്ടോഗ്രാഫ് പൂര്‍ണ്ണതയിലെത്തുന്നതിനാവശ്യമായ മിഴിവുകള്‍ എല്ലാം തികഞ്ഞ ചിത്രങ്ങളായിരുന്നു അവയെല്ലാം. ചിത്രങ്ങള്‍ ചരിത്രങ്ങളായി മാറുന്നത് അവ പകര്‍ത്തപ്പെടുന്നതിലെ സത്യ സന്ധത കൊണ്ടും ആ ചിത്രങ്ങളിലെ വിലാപങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കപ്പെടുന്നത് കൊണ്ടുമാണ്. ആ ദൗത്യം നിര്‍വ്വഹിക്കുന്ന ചിത്രങ്ങള്‍ ലോകം ഉള്ളിടത്തോളം കാലം നിലനില്‍ക്കുക തന്നെ ചെയ്യും. മണല്‍ത്തരികളുടെ പുരാവൃത്തം പോലെ.

അധികാരത്തിന്റെ കുറുക്കുവഴി തേടി വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കിയപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ കൈകൂപ്പി നിന്ന ഒരു മനുഷ്യന്റെ ചിത്രം ഇന്നും നമ്മോട് പലതും യാചിക്കുന്നുണ്ട്. തീവ്രവാദം അനാഥമാക്കിയ പന്ത്രണ്ട് കാരിയായ ഷര്‍ബത് ഗുല എന്ന അഫ്ഘാന്‍ പെണ്‍കുട്ടിയുടെ തീക്ഷ്ണതയേറിയ നോട്ടം കണ്ട് ലോകം വെന്തെരിഞ്ഞുപോയിട്ടുണ്ട്. ആഭ്യന്തര കലാപം മൂലം പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഐലന്‍ കുര്‍ദി എന്ന പെണ്‍കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ട് നമ്മള്‍ വിതുമ്പിയില്ലേ? വര്‍ഗ്ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയ രാത്രികളില്‍ കരിഞ്ഞുപോയ ജീവിതങ്ങള്‍ക്ക് മുകളിലൂടെ രഥമുരുട്ടിപ്പോയവരുടെ ചോരയാലുറപ്പിച്ച സിംഹാസനങ്ങളില്‍ നിന്നുമുയരുന്ന ഗര്‍ജ്ജനങ്ങള്‍ ഇപ്പോളും നമ്മുടെ കാതുകളെ അസ്വസ്ഥമാക്കുന്നു. സാമ്രാജ്യത്വത്തിന്റെ പ്രഹരമേറ്റപ്പോള്‍ വിറങ്ങലിച്ചുപോയ രാജ്യങ്ങളില്‍ ചിതറിയോടിയ കുരുന്നുകളുടെ ദയനീയമായ നിലവിളികള്‍ നമ്മള്‍ പലവട്ടം കേട്ടു. അവയെല്ലാം ലോക മനസ്സാക്ഷക്കു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട സത്യത്തിന്റെ നിശ്ചല ചിത്രങ്ങളായിരുന്നു. ഭൂമിയുടെ ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍.

നൊമ്പരപ്പാടുകളായി എത്രയോ ചിത്രങ്ങള്‍ ഇനിയുമുണ്ട് നമുക്ക് മുന്നില്‍. കാലം അടയാളപ്പെടുത്തിയ കനല്‍പ്പാടുകള്‍.
ഇന്ദ്രപ്രസ്ഥത്തിന്റെ ആധികാര കേന്ദ്രങ്ങളുടെ നിഴലുകള്‍ അവസാനിക്കുന്നിടത്തായിരുന്നു കലാപം. മതവും ജാതിയും മരണത്തെ തടുക്കാന്‍ എത്തിയില്ല, പകരം മരണകാരണമായി. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ നീണ്ടു നിന്ന ഈ കലാപത്തില്‍ 53 ജീവനുകളാണ് പൊലിഞ്ഞു പോയത്. ഈ അന്‍പത്തി മൂന്നില്‍ ഒരാള്‍ മാത്രമാണ് മുദ്ദാസിര്‍ ഖാന്‍. അദ്ദേഹത്തിന്റെ മൃതദ്ദേഹം നോക്കി വാവിട്ട് കരഞ്ഞ പിഞ്ചു ബാലന്റെ ചിത്രം ഇന്ന് ലോകം പുനര്‍വായിക്കുന്നു. എത്ര വായിച്ചാലും പൂര്‍ണ്ണമാവാത്ത അര്‍ത്ഥതലങ്ങള്‍ ഈ മുഖത്തുണ്ട്. നവയുഗത്തിന്റെ പുരോഗമനം ആവര്‍ത്തിക്കുന്ന ആധുനിക മനുഷ്യ സമൂഹത്തിന് മുന്നില്‍ ഒരു ഫോട്ടോഗ്രാഫ് കൂടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

12 comments:

  1. കാലഘട്ടത്തിനു അനിവാര്യമായ വായന
    നന്നായിട്ടുണ്ട് കുറഞ്ഞ വാക്കുകൾ കൊണ്ട് ഒരു പാട് കാലഘട്ടത്തിന്റെ വിഷയം പറഞ്ഞു.
    അഭിനന്ദനങ്ങൾ K.V. ബഷീർ.

    ReplyDelete
  2. നല്ല എഴുത്ത്.. ഓരോ ചിത്രങ്ങളും അതിനോടനുബന്ധിച്ച എഴുത്തും മനസ്സിൽ കനല്‍ കോരി ഇട്ടു.. ഇനിയും നമ്മൾ അറിയാത്ത കാണാത്ത എത്രയോ ചിത്രങ്ങൾ... എഴുത്ത് തുടരുക ആശംസകള്‍ ഇക്ക...

    ReplyDelete
  3. നല്ല എഴുത്ത്.. ഓരോ ചിത്രങ്ങളും അതിനോടനുബന്ധിച്ച എഴുത്തും മനസ്സിൽ കനല്‍ കോരി ഇട്ടു.. ഇനിയും നമ്മൾ അറിയാത്ത കാണാത്ത എത്രയോ ചിത്രങ്ങൾ... എഴുത്ത് തുടരുക ആശംസകള്‍ ഇക്ക...

    ReplyDelete
  4. നല്ല എഴുത്ത്.. ഓരോ ചിത്രങ്ങളും അതിനോടനുബന്ധിച്ച എഴുത്തും മനസ്സിൽ കനല്‍ കോരി ഇട്ടു.. ഇനിയും നമ്മൾ അറിയാത്ത കാണാത്ത എത്രയോ ചിത്രങ്ങൾ... എഴുത്ത് തുടരുക ആശംസകള്‍ ഇക്ക... സ്നേഹത്തോടെ രാജേഷ് മേനോന്‍

    ReplyDelete
  5. എഴുത്ത് തുടരുക

    ReplyDelete
  6. ഈ കാലഘട്ടത്തിന്റെ
    അനിവാര്യമായ വായന
    നന്നയിട്ടുണ്ട് ബഷീർ KV
    അഭിനന്ദനങ്ങൾ.

    ReplyDelete
  7. ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിൽ ആദ്യം അഭിനന്ദനങ്ങൾ.. മനസിലുള്ളത് തുറന്നു എഴുതുക.

    ReplyDelete
    Replies
    1. സിര്‍ജാന്‍ജി, നന്ദി.

      Delete

മലപ്പുറം, ഒരു വിഹഗവീക്ഷണം

👉 വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന്, മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്ന...