Tuesday, June 23, 2020

മലപ്പുറം, ഒരു വിഹഗവീക്ഷണം


👉 വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന്, മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്നത് ലോകോത്തര നിലവാരമുള്ള സാഹിത്യ സൃഷ്ടികളായിരുന്നു.

👉 എന്തു നേടുമ്പോഴും അത് തനിക്ക് മാത്രമുള്ളതല്ലെന്നും അവ പങ്കുവെക്കുവാനുള്ളതാണെന്നുമുള്ള പൊതുബോധം. ഈ സ്ഥായിയായ ഭാവം പന്തുകളിയിലും മലപ്പുറത്തുകാരിലും ഉണ്ട് എന്നതാവാം ഒരു പക്ഷെ ഈ കായിക വിനോദം ഇവിടെ ഇത്രയും ജനപ്രിയമായത്.  



51
വര്‍ഷങ്ങളുടെ പഴക്കമാണ് മലപ്പുറം ജില്ലക്കുള്ളതെങ്കിലും സാംസ്‌കാരിക സമന്വയങ്ങളുടെ സമ്പമായ പൈതൃകം മലബാറിന്റെ തെക്കേ അറ്റത്തുള്ള ഈ ഗ്രാമപ്രദേശങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. സമൃദ്ധമായ ഒരു പൂര്‍വ്വകാല പാരമ്പര്യം മാത്രമല്ല കൊള്ളലിന്റെയും കൊടുക്കലിന്റെയും നീരൊഴുക്കുകൂടി അവര്‍ തലമുറകളിലേക്ക് പുകര്‍ന്നു. സ്വന്തം ചങ്കിലെ ചോര പിഴുതെടുത്തും അപരന്റെ പ്രാണനെ സംരക്ഷിക്കുന്ന ഈ നാട്ടുകാരുടെ ആത്മപ്രകാശം ഇന്നും ചിരപരിചിതമാണല്ലൊ. അത് കൊണ്ടുതെന്നയാവാം, വീര്യം പകരുന്ന മഹാസ്മരണകള്‍ ഇന്നും പുതുയുഗത്തിന് പോലും  ആവേശമാകുന്നത്. 

സ്വതന്ത്ര്യാനന്തരം തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍ എന്നീ ജില്ലകളുമായി ഐക്യകേരളം രൂപപ്പെടുകയും പിന്നീട് മാറിവന്ന സര്‍ക്കാറുകള്‍ ഭരണസൗകര്യത്തിനായി കൂടുതല്‍ ജില്ലകള്‍ രൂപീകരിക്കുകയും ചെയ്തു. അങ്ങിനെ 1969 ജൂണ്‍ 16 നാണ് മലപ്പുറം ജില്ല രൂപപ്പെടുത്. മണ്ണും, മഴയും, പുഴയും, കൃഷിയുമെല്ലാം ഇടകലര്‍ന്ന് രൂപപ്പെട്ട ജീവിത രീതികളായിരുന്നു മലബാറിന്റെ ഈ തെക്കേ അറ്റത്ത് തുടര്‍ന്നു വന്നത്. അത് കൊണ്ട് തെന്നയാവാം ആചാരങ്ങളും, ആഘോഷങ്ങളും, വിചാരങ്ങളും എല്ലാം പ്രകൃതിയുമായി ഏറെ ഇഴുകിച്ചേര്‍ന്നതായിരുന്നു.

മലബാറിന്റെ അധികാരം ഏകദേശം 750 വര്‍ഷത്തിലധികം  സാമൂതിരിമാരുടെ കരങ്ങളിലായിരുന്നു എന്നാണ് ചരിത്ര രേഖകള്‍. കോഴിക്കോട് കേന്ദ്രമായിട്ടാണ് ഭരണം നിര്‍വ്വഹിച്ചിരുന്നതെങ്കിലും ഇന്നത്തെ മലപ്പുറം ജില്ലയുടെ പ്രധാന ഭാഗങ്ങളിലെല്ലാം സാമൂതിരി ഭരണത്തിന്റെ സ്വാധീനം ശക്തമായിരുന്നു. 1498 ല്‍ വാസ്‌കോഡ ഗാമ കാപ്പാട് എത്തിച്ചേര്‍ന്നപ്പോള്‍ അന്നത്തെ സാമൂതിരി പൊന്നാനിയിലായിരുന്നു താമസം. പൊന്നാനി പുരാതനമായ ഒരു തുറമുഖ നഗരമാണ്. സാമൂതിരിയുടെ നാവിക പടത്തലവനായിരുന്ന കുഞ്ഞാലിമരക്കാരും കുടുബവും കുറച്ചു കാലം ഇവിടെ താമസിച്ചതായും പിന്നീട് 1507 ല്‍ പോര്‍ച്ചുഗീസ് നാവികനായിരുന്ന ഡി അല്‍മേഡ നഗരം ചുട്ടെരിച്ചതിനെത്തുടര്‍ന്ന്  പൊന്നാനിയില്‍ നിന്നും ഒഴിഞ്ഞുപോയെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. 

വള്ളുവനാട്ടിലേക്കുള്ള സാമൂതിരിയുടെ കടന്നുവരവ് മധ്യകാല കേരളത്തില്‍ നടക്കുന്ന മാമാങ്കം എന്ന ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു. ചേരചക്രവര്‍ത്തിമാരായിരുന്നു മാമാങ്കത്തിന് അധ്യക്ഷത വഹിച്ചിരുന്നത്. പിന്നീട് ആ പദവി വള്ളുവനാടിന്റെ രാജാവ് വള്ളുവക്കോനാതിരിക്ക് ലഭിച്ചത് സമൂതിരിയില്‍ അസംതൃപ്തിയുണ്ടാക്കി. പതിമൂന്നാം ശതകത്തിന്റെ അന്ത്യത്തോടെ സാമൂതിരി വള്ളുവനാട് അക്രമിക്കുകയും മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാടുവാഴികളെല്ലാം സാമൂതിരിക്ക് വഴിപാടുകളും, കൊടിക്കൂറയും അയച്ചപ്പോള്‍ വള്ളുവക്കോനാതിരിയാവട്ടെ പകരം ചാവേറുകളെയാണയച്ചത്. മാമാങ്കത്തിന് നിലപാട് നില്‍ക്കുന്ന സമൂതിരിയെ വധിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് എത്താറുള്ള ചാവേറുകള്‍ സമൂതിരിയുടെ സുരക്ഷാസേനയുടെ വെട്ടേറ്റ് വധിക്കപ്പെടും. അങ്ങിനെ വെട്ടേറ്റ് വീഴുന്ന ചാവേറുകളുടെ ജഡം മണിക്കിണറിലിട്ട് അനകളെക്കൊണ്ട് ചവിട്ടിയമര്‍ത്തും. എഴുന്നള്ളത്തും, ആഘോഷങ്ങളും, ഘോഷയാത്രയും, ആചാരാനുഷ്ഠാനങ്ങളും ഒക്കെയായി  പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം തിരൂരിനടുത്ത് ഭാരതപ്പുഴയോട് ചേര്‍ന്നുള്ള തിരുനാവായിലാണ് അരങ്ങേറിയിരുത്.  

മൈസൂരില്‍ നിന്നും ഹൈദരലിയുടെ വരവോടെ സാമൂതിരിയുടെ കാലഘട്ടം അവസാനിച്ചു. പിന്നീട് ടിപ്പുവും, ബ്രിട്ടീഷുകാരും തമ്മില്‍ 1792 ല്‍ ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. കടല്‍ കടന്നെത്തിയ ഇംഗ്ലീഷുകാരന്റെ അലര്‍ച്ചകള്‍ കേട്ട് പിറന്ന നാട്ടില്‍ അസ്വസ്ഥരായി കഴിയേണ്ടി വന്ന ആ തലമുറ അവരുടെ സ്വതന്ത്ര്യത്തെ കുറിച്ച് അലോചിച്ചു.

ഹൈദരലിയും, ടിപ്പുവും തുടങ്ങിവെച്ച ഭൂനികുതി സമ്പ്രദായം ബ്രട്ടീഷുകാരുടെ കാലത്ത് ദുസ്സഹമായി വര്‍ദ്ധിപ്പിച്ചത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി. ബ്രട്ടീഷ് ഭരണം സാമ്പത്തിക വ്യവസ്ഥയെതന്നെ മാറ്റിമറിച്ചു. കൃഷിക്കാര്‍ക്ക് ഭൂമിയില്‍ അവകാശമില്ലാതാവുകയും, അവയെല്ലാം ജന്മിമാരുടെ സ്വകാര്യ സ്വത്തായി മാറുകയും ചെയ്തു. ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ച കൃഷിക്കാരും കുടിയാന്മാരും; ജന്മികള്‍ക്കും അവരെ സഹായിച്ച ബ്രിട്ടീഷുകാര്‍ക്കുമെതിരെ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. ഈപ്രതിഷേധങ്ങള്‍ ലഹളകളെന്ന് അറിയപ്പെട്ടു. ജീവിതസമരത്തിന്റെ ഈ പ്രതിഷേധ ലഹളകള്‍ കലാന്തരങ്ങളില്‍ കലാപമായി മാറി. പിന്നീട് കാര്‍ഷിക ലഹള എന്നും, മലബാര്‍ കലാപം എന്നും, മാപ്പിള ലഹള എന്നും വിളിക്കപ്പെട്ട ഈ കലാപം ഇന്ത്യന്‍ സ്വതന്ത്ര്യസമര ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സായുധ കലാപങ്ങളില്‍ ഒന്നായിരുന്നു എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും, കര്‍ഷകര്‍ക്കും കുടിയാന്മാര്‍ക്കും ഉണ്ടായ സ്വധീനം മലബാര്‍ കലാപത്തിനുള്ള മറ്റൊരു കാരണമായി ചരിത്രകാരന്മാര്‍ സൂചിപ്പുക്കുന്നു.

പൂക്കോട്ടൂരും, തിരൂരങ്ങാടിയും, ഏറനാടും എല്ലാം സമരചരിത്രങ്ങളുടെ താളുകളില്‍ വീര്യം പകരുന്ന നാട്ടുപേരുകളാണ്. പതിനായിരത്തോളം ആളുകളാണ് മലബാര്‍ കലാപത്തില്‍ മരിച്ചു വീണത്.പതിനായിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ആയിരക്കണക്കിനാളുകളെ നാടുകടത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടവരെ ജയിലിലിടാന്‍ സ്ഥലം തികയാതെ വന്നപ്പോള്‍ അവരെ ഒരു ഗുഡ്‌സ് വാഗണില്‍ കുത്തിനിറച്ച് കൊയമ്പത്തൂരിലെ ബല്ലാരി ജയിലിലേക്ക് കൊണ്ടുപോയി. പ്രാണവായു പോലും കിട്ടാതെ അതിനുള്ളില്‍ കിടന്ന് 72 പേര്‍ പിടഞ്ഞ് മരിച്ചു. മലമൂത്ര വിസര്‍ജ്ജനത്തില്‍ പരസ്പരം കെട്ടിപ്പിടച്ച നലയില്‍ അവരുടെ മൃതദ്ദേഹങ്ങള്‍ തിരൂരില്‍ തിരിച്ചെത്തിക്കുകയുണ്ടായി. ഇതിനെയാണ് കുപ്രസിദ്ധമായ വാഗണ്‍ ട്രാജഡി ദുരന്തം എന്ന് അറിയപ്പെടുതന്ന്.

സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ഈ വള്ളുവനാടന്‍ ഗ്രാമങ്ങളെയും സ്വാധീനിച്ചു. കലാപങ്ങളുടെയും കലഹങ്ങളുടെയും കാലഘട്ടങ്ങളില്‍ നിന്ന് ഈ ജനത ദേശസ്‌നേഹത്തിന്റെ പൊതുധാരയിലേക്ക് നടന്നടുത്തു. സ്വാതന്ത്ര്യലിബ്ദിയുടെ വേളയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപങ്ങളുണ്ടായെങ്കിലും മലബാര്‍ ശാന്തമായിരുന്നു.

ഐക്യ കേരളത്തിന്റെ പിറവിക്ക് മുമ്പ് മദിരാശി സംസ്ഥാനത്തിന്റെ ഒരു പ്രധാന ജില്ലയായിരുന്നു മലബാര്‍. കേരളം രൂപീകരിച്ചപ്പോള്‍ മലബാറിനെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂണ്‍ 16 ന് കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, തിരൂര്‍ എന്നീ താലൂക്കുകളും, പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തല്‍മണ്ണ തുടങ്ങിയ താലൂക്കുകളിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് മലപ്പുറം ജില്ലക്ക് രൂപം നല്‍കി. കോഴിക്കോട്, വയനാട് ജില്ലകള്‍ ആണ് വടക്ക് ഭാഗത്ത് അതിര്‍ത്തിയാകുന്നത്. വടക്ക് കിഴ്ക്ക് വശത്ത് തമിഴാനാട്ടിലെ നീലഗിരി ജില്ലയും, തെക്കു ഭാഗത്തും തെക്കു കിഴക്ക് വശത്തുമായി പാലക്കാട് ജില്ലയും അതിര്‍ത്തികള്‍ പങ്ക് വെക്കുമ്പോള്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായി തൃശൂര്‍ ജില്ലയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്നു. 

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഒരു വള്ളുവനാട്ടുകാരനായത് ചരിത്രത്തിന്റെ നീതിബോധമാകാം. ജന്മി കുടിയാന്‍ വ്യവസ്ഥിതിയില്‍ കുടിയാന്മാരും, കര്‍ഷകരും അനുഭവിച്ച കലാപകാലങ്ങളുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാവാം കേരളത്തിന്റെ ആദ്യ മന്ത്രസഭയില്‍ ഒരാഴ്ചക്കകം ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരാന്‍ പെരിന്തല്‍ മണ്ണക്കാരനായ ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെ പ്രേരിപ്പിച്ചത്. ജില്ലയുടെ രൂപീകരണത്തിന് പ്രേരകശക്തിയായി പ്രവര്‍ത്തിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ആയിരുന്നു. 

മലപ്പുറം ജില്ലക്ക് വളരെ സമ്പമായ ഒരു സാഹിത്യചരിത്രമാണുള്ളത്. സാഹിത്യത്തിന്റെ വളക്കൂറുള്ള ഈ മണ്ണിലെ 'പൊന്നാനിക്കളരി' ഏറെ പ്രസിദ്ധമാണ്. തുഞ്ചത്തെഴുത്തച്ഛന്‍, വള്ളത്തോള്‍, ഇടശ്ശേരി, കുട്ടികൃഷ്ണ മാരാര്‍, എം.ടി വാസുദേവന്‍നായര്‍, എം.ഗോവിന്ദന്‍, നാലപ്പാട് നാരായണ മേനോന്‍, ബാലാമണിയമ്മ, മാധവിക്കുട്ടി, വി. ടി ഭട്ടതിരിപ്പാട്, ഉറൂബ്, അക്കിത്തം, സി.രാധാകൃഷ്ണന്‍ തുടങ്ങി മലയാളത്തിന്റെ സാഹിത്യ സപര്യയിലേക്ക് സംഭാവനകള്‍ ഏറെ നല്‍കിയവരുടെ നിരകള്‍ ഇനിയും നീളും. വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന് മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്നത് സമാനതകളില്ലാത്ത ലോകോത്തര നിലവാരമുള്ള സാഹിത്യ സൃഷ്ടികളായിരുന്നു. മലയാളം ഇന്ന് ശ്രേഷ്ഠഭാഷാ പദവിയില്‍ ആദരിക്കപ്പെടുമ്പോള്‍ ഭഷാപിതാവിന്റെ സ്മരണയില്‍ രൂപപ്പെട്ട തുഞ്ചന്‍ പറമ്പ് മലയാളിയുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തുഞ്ചന്‍ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിരമരത്തിന്റെ തണലില്‍ നിന്നും മലയാള ഭാഷയുടെ സുഗന്ധം ഇന്ന് മലനിരകളും, കടലുകളും കടന്ന് വ്യാപിച്ചു. 30 അക്ഷരമുള്ള വട്ടെഴുത്തിനെ 51 അക്ഷരങ്ങളുള്ള മലയാളം ലിപിയിലൂടെ പ്രയോഗവവല്‍ക്കരിച്ചത് രാമാനുജന്‍ എഴുത്തച്ഛനായിരുന്നു എന്നാണ് വലയിരുത്തല്‍. 

പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നു പോകുമ്പോളും മനുഷ്യന്‍ അവന്റെ സര്‍ഗ്ഗാത്മകതയെക്കൂടി ഒപ്പം ചേര്‍ക്കാറുണ്ട്. പ്രാദേശികമായി രൂപപ്പെട്ട ഓരോ കലാസൃഷ്ടിയിലും ആ പ്രദേശത്തിന്റെ ജീവത യാഥാര്‍ത്ഥ്യങ്ങളുടെ മുഖഭാവമുണ്ടാകും. ഈ കാര്‍ഷിക ഗ്രാമങ്ങളില്‍ രൂപപ്പെട്ട ഓരോ കലാരൂപങ്ങള്‍ക്കും വിയര്‍പ്പിന്റെ ഗന്ധമുണ്ട്. തെയ്യം, തിറ, കാളവേല, കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവന്‍ പാട്ട്, പാണന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഇന്നും ഗ്രാമീണ സായന്തനങ്ങളെ സജീവമാക്കുന്നു. പൂരങ്ങളും നേര്‍ച്ചകളും മലപ്പുറത്തിന്റെ ഗ്രാമോത്സവങ്ങളായി മാറുന്നത് അത്‌കൊണ്ടാവാം. 

മലപ്പുറത്തുകാരുടെ പന്തുകളിയോടുള്ള ആരാധന പ്രസിദ്ധമാണ്. കൊടുക്കലിന്റെയും വാങ്ങലിന്റെയും സത്യസന്ധമായ ആവിഷ്‌കാരമാണല്ലോ പന്തുകളി. സ്വന്തമായി ഗോളടിക്കുന്നതിനേക്കാള്‍ ഗോളടിപ്പിക്കുവാനുള്ള പരിശ്രമം. എന്തു നേടുമ്പോഴും അത് തനിക്ക് മാത്രമുള്ളതല്ലെന്നും അവ പങ്കുവെക്കുവാനുള്ളതാണെന്നുമുള്ള പൊതുബോധം. ഈ സ്ഥായിയായ ഭാവം പന്തുകളിയിലും മലപ്പുറത്തുകാരിലും ഉണ്ട് എന്നതാവാം ഒരു പക്ഷെ ഈ കായിക വിനോദം ഇവിടെ ഇത്രയും ജനപ്രിയമായത്.  

സംഗീതത്തിന്റെ ആര്‍ദ്രമായ സാമീപ്യം ഈ നാടിന്റെ പ്രത്യേകതയമാണ്. എല്ലാം ഹൃദയപൂര്‍വ്വം സ്വീകരിക്കാറുള്ള മലയാളി സംഗീതത്തിന്റെ വൈവിധ്യത്തെയും ഉള്‍ക്കൊണ്ടു. 1852 ല്‍ കൊണ്ടോട്ടിക്കടുത്തുള്ള ഓട്ടുപാറ എ സ്ഥലത്ത് ജനിച്ച മൊയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളപ്പാട്ട് എന്ന സാഹിത്യ സംഗീത സൃഷ്ടിക്ക് രൂപം നല്‍കി. പുരാതന കാലംമുതല്‍ അറബികളുമായി വ്യാപരബന്ധമുണ്ടായിരുന്ന കേരളത്തില്‍ അവരുടെ ഭാഷയും സംസ്‌കാരവും സ്വാധീനമുണ്ടാക്കി. അങ്ങിനെയാണ് അറബി മലയാളം, മാപ്പിള സാഹിത്യം എന്നീ ശാഖകളുടെയും പിന്നീട് മാപ്പിളപ്പാട്ട് എന്ന സംഗീത വിഭാഗത്തിന്റെയും ഉല്‍ഭവം. മോയില്‍ കുട്ടി വൈദ്യരെപ്പോലെയുള്ള പ്രതിഭാശാലികളുടെ കൃതികളും, ഇശലുകളും, ഖണ്ഡകാവ്യങ്ങളും മാപ്പിളപ്പാട്ടായി പുതിയ തലമുറയും ഏറ്റുപാടുന്നു. വി.എം.കുട്ടി, പുലിക്കോട്ടില്‍ ഹൈദര്‍, റംലാബീഗം, വി.ടി.മുരളി തുടങ്ങയ നിരവധി പ്രതിഭകളുടെ ഇടപെടലുകള്‍ മാപ്പിളപ്പാട്ടിന്റെ ഖ്യാതി മലപ്പുറത്തിന്റെ  ഗ്രാമവീഥികളില്‍ നിന്നും പുറംലോകത്തേക്കും വ്യാപിപ്പിച്ചു.

വിദ്യാഭ്യാസത്തില്‍ ഏറെ അകലം പാലിച്ചിരുന്നു എന്നതാണ് മലപ്പുറം ജില്ലയുടെ പഴയകാല ചരിത്രം. പാടശേഖരങ്ങളിലും, കൃഷിയിടങ്ങളിലും പണിയെടുത്തിരുന്ന സാധാരണക്കാരന് വദ്യഭ്യാസത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊള്ളുവാനും, അവരുടെ കുട്ടികളെ പഠിപ്പിക്കുവാനും സാധിച്ചില്ല. എന്നാല്‍ ഈ പുതിയ കാലഘട്ടം ചരിത്രങ്ങളെ കീഴ്‌മേല്‍ മറിച്ചു. ജില്ലാ രൂപീകരണത്തിന് ശേഷം ഒരു വിദ്യഭ്യാസ വിപ്ലവം തന്നെ ഇവിടെ നടക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ അനിവാര്യത സാധാരണക്കാരിലെത്തിക്കുവാന്‍ രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഇന്ന് അറിവിന്റെ നവലോകം മലപ്പുറത്തുകാരുടെ വരുതിക്കുള്ളിലാണ്. 1988 ല്‍ നടന്ന സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിലൂടെ ജില്ല സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചു. ആ പദ്ധതിയിലൂടെ ഏറ്റവും തിളക്കമാര്‍ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാല്‍ മലപ്പുറം ജില്ലയുടെ ഒരു പഠിതാവായിരുന്ന ചേലക്കാടന്‍ ആയിഷ ആയിരുന്നു അന്ന് കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി ലോകത്തോട് പ്രഖ്യാപിച്ചത്. 2003 ല്‍ കേരള സര്‍ക്കാറിന്റെ അക്ഷയ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ജില്ല എന്ന നേട്ടം കൈവരിച്ചു കൊണ്ട് വള്ളുവനാടന്‍ ഗ്രാമീണര്‍ സൈബര്‍ലോകവും കീഴടക്കി. പുതിയ തലമുറയാകട്ടെ വിദ്യാഭ്യാസത്തില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചു. ഉയര്‍ന്ന നിലവാരമുള്ള നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വന്നു. കാലക്കറ്റ് യൂനിവേഴ്‌സിറ്റി, തിരൂരിലെ മലയാളം സര്‍വകലാശാല, കോട്ടക്കല്‍ ആയുര്‍വേദ സര്‍വ്വകലാശാല, പെരിന്തല്‍മണ്ണയിലെ അലിഗഡ് ഓഫ് കാമ്പസ് തുടങ്ങിയവയെല്ലാം ജില്ലയിലെ സുപ്രധാന വിദ്യാഭ്യാസ ആസ്ഥാനങ്ങളാണ്. 

കൃഷിയായിരുന്നു ഇവിടത്തുകാരുടെ പ്രധാന തൊഴിലെങ്കിലും ഇന്ന് 90% ശതമാനം ജനങ്ങളും ഗള്‍ഫിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഉപഭോഗ സംസ്‌കാരത്തിന്റെ കടന്ന് കയറ്റവും, ആധുനിക വല്‍ക്കരണത്തിന്റെ തലോടലുകളും മനസ്സുകളെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഉള്‍നാടന്‍ ഗ്രാമീണ ചൈതന്യങ്ങളില്‍ ഭീകരമായി ഇടപെടാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല എന്നത് അല്‍പം ആശ്വാസം പകരുന്നു. ഇടതൂര്‍ന്ന നാട്ടുപാതകള്‍, ചായക്കടകള്‍, പാടവരമ്പുകള്‍, പാമ്പിന്‍ കാവുകള്‍ എല്ലാം ഇവിടങ്ങളില്‍ അവശേഷിക്കുന്ന ഗ്രാമീണ ചിഹ്നങ്ങള്‍ തെന്നിയാണ്. പക്ഷെ ജീവിതത്തിലും, വിദ്യഭ്യാസത്തിലും, ഉന്നത നിലവാരത്തില്‍ മുേന്നറുമ്പോഴും ഏതൊക്കെയോ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കൃഷിഭൂമികളും, കുന്നുകളും, തണ്ണീര്‍തടങ്ങളും എല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് മറ്റെല്ലാ ജില്ലകളെയും പോലെതന്നെ ഇവിടെയും കാണാന്‍ കഴിയും.

മെലിഞ്ഞുണങ്ങിയൊഴുകുന്ന നിളയും, മലിനജലം പേറി വിളറിയ ചാലിയാറും, പ്രതാപം നഷ്ടപ്പെട്ട കടലുണ്ടിപ്പുഴയും തിരൂര്‍പുഴയും പിന്നെ മറ്റുള്ള പോഷക നദികളും  ഈ തലമുറക്ക് മുമ്പിലെ ചോദ്യചിഹ്നങ്ങളാണ്. കരയെ കുതിര്‍ത്ത്, പച്ചപുതപ്പിച്ച് പശ്ചിമഘട്ടത്തില്‍ നിന്ന് അറബിക്കടലിലേക്ക് നിറഞ്ഞൊഴുകിയപ്പോള്‍ ഭാരതപ്പുഴയും ചാലിയാറും കിതപ്പറിഞ്ഞിരുില്ല. പക്ഷെ ഇന്ന് പുഴയുടെ മാറില്‍ മനുഷ്യന്‍ തീര്‍ത്ത ഉണങ്ങാത്ത മുറിവുകളിലൂടെ ഒഴുകിയൊലിക്കുന്നത് ചോരയാണ്, തെളിനീരല്ല. മണ്ണിനെ സ്‌നേഹിച്ച പാരമ്പ്യമാണ് വള്ളുവനാടിന്റേത്. മണ്ണും വിണ്ണും വിട്ട് പറന്നകലാന്‍ ശ്രമിക്കുമ്പോള്‍ മണ്ണിലേക്ക് തന്നെ മടങ്ങേണ്ട സത്യത്തെ മറക്കാതിരിക്കാന്‍ കഴിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

No comments:

Post a Comment

മലപ്പുറം, ഒരു വിഹഗവീക്ഷണം

👉 വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന്, മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്ന...