Friday, May 1, 2020

രോഗശയ്യയിലെ ഭൂമി !





നുഷ്യന്റെ ആധുനിക യാത്രാസൗകര്യങ്ങളുടെ വികാസം ലോകത്തിന്റെ വലുപ്പം കുറച്ചു. ഭൂമിയുടെ ഏതറ്റത്തേക്കും അതിവേഗതയിലെത്തിച്ചേരുവാനുള്ള യാത്രാസൗകര്യങ്ങള്‍ നമ്മെ ഏറെ ഉയരങ്ങളിലെത്തിച്ചു. ആകാശങ്ങള്‍ കീഴടക്കി. ഇപ്പോള്‍ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ഇടയിലൂടെയുള്ള Interstellar ബഹിരാകാശ യാത്രളുടെ അരികിലുമെത്തി. പുതിയ 'വേഗത' കള്‍ക്കായുള്ള പരീക്ഷണങ്ങളിലാണ് ഇന്നും നാം. കീഴടക്കാനുള്ള വ്യഗ്രത എന്നും നമ്മുടെ ഹൃദയമന്ത്രമാണല്ലോ.

കാടുകളില്‍ നാം കയറി നീതിയും നിയമവും നിര്‍മ്മിച്ചപ്പോള്‍ ഇടങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേവലാതിയുണ്ടായിരുന്നു. വേഗമേറിയ ഭാവമാറ്റങ്ങള്‍ അവര്‍ക്ക് മനസ്സിലായില്ല. ആധുനിക മനുഷ്യന്റെ വേഗതക്കൊപ്പം എത്താന്‍ കഴിയാതിരുന്ന ആ പഴയ മനുഷ്യരും അസംഖ്യം ജീവജാലങ്ങളും പകച്ചു നിന്നു. അപ്പോഴും മനുഷ്യന്‍ അവന്റെ യാത്രകളില്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടേയിരുന്നു. രമ്യഹര്‍മ്മ്യങ്ങളും, മഹാസൗധങ്ങളും, നക്ഷത്ര യാത്രകളും എല്ലാം സര്‍വ്വസാധാരണമായി. അപ്പോഴും വേഗതയുടെ പൊരുളറിയാതെ  അവര്‍ അന്ധാളിച്ചു നിന്നു. സകല ജീവജാലങ്ങളുടെയും സര്‍വ്വാധിപത്യം മനുഷ്യന്‍ ഏറ്റെടുത്തു. അതുകൊണ്ടാവുമോ എന്നറിയില്ല, ഒരദ്ഭുത ജന്മം രംഗപ്രവേശം ചെയ്തു.
ജീവനുണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത ഒരപൂര്‍വ്വ ജന്മം. ജീവ കോശങ്ങളില്‍ കടന്നാല്‍ മാത്രം ജീവന്റെ സ്വാഭാവം കാണിക്കുന്ന ജൈവകണം. 'വേഗത' എന്ന ആധുനിക മനുഷ്യന്റെ ജീവാത്മാവിനെ അമ്മാനമാടിയ വൈറസ്. നിമിഷാര്‍ദ്ദങ്ങളുടെ വേഗതയില്‍, മറ്റ് ജീവകോശങ്ങളില്‍ വെച്ച് കോശഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇവ പെരുകി. മനുഷ്യന്‍ സൃഷ്ടിച്ച അതേ യാത്രാവേഗതയില്‍ അവ ലോകം കീഴടക്കി. മനുഷ്യന്‍ തന്നെ ഭൂമിയുടെ ഓരോ മുക്കിലും മൂലയിലും അവയെ പ്രതിഷ്ഠിച്ചു. എത്രമാത്രം വേഗത്തില്‍ നമുക്ക് ലോകത്തിനെ കീഴടക്കുവാന്‍ സാധ്യമാകുന്നുവോ, അത്രയും വേഗത്തില്‍ തന്നെ കോറോണ മനുഷ്യകുലത്തെയും കീഴടക്കി.

പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധികള്‍ അങ്ങിനെ നിരവധി ദുരന്തങ്ങളെ നേരിട്ടാണ് മാനവസമൂഹം വളര്‍ന്നത്. ആദിമ മനുഷ്യന്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ കൂട്ട പലായനം ചെയ്തായിരുന്നു രക്ഷപ്പെട്ടത്. അതിര്‍ത്തികളും നിയമങ്ങളും ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍, ഓരോ ദുരന്തങ്ങള്‍ നേരിടേണ്ടി വരുമ്പോളും അവര്‍ കൂട്ടമായി പലായനം ചെയ്യുകയായിരുന്നു. വാസയോഗ്യമെങ്കില്‍ ഭൂമിയിലെ ഏത് പ്രദേശവും അവര്‍ പുനരധിവാസത്തിനായി തിരഞ്ഞെടുക്കുമായിരുന്നു. അതിര്‍ത്തികളും അതിര്‍ത്തികളിലെ കാവലാളുകളും അന്നവര്‍ക്ക് അന്യമായിരുന്നല്ലോ. ദുരന്തങ്ങള്‍ പലപ്പോഴും ഓരോ സമൂഹങ്ങളെയും തന്നെ തുടച്ചു നീക്കി. ഓരോ ദുരന്തങ്ങളും അവര്‍ക്ക് അജ്ഞാതമായ ഭയമായിരുന്നു. ഭയം ദൈവങ്ങളും!

പുതിയ ലോകക്രമം അതിവേഗതിയിലാണ് കുതിച്ചു പാഞ്ഞത്. പുറകെയെത്താന്‍ കഴിയാത്തവര്‍ കിതച്ചിരുന്നു. അവരെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍, പാവങ്ങള്‍, ദരിദ്രര്‍ എന്നുമെല്ലാം വിളിച്ചു. കുതിച്ചു പാഞ്ഞവര്‍ ലോകം കീഴടക്കിക്കൊണ്ടേയിരുന്നു. രാജ്യാതിര്‍ത്തികളും, ഭൂമിയും ചന്ദ്രനും നക്ഷത്രങ്ങളും ഗ്രഹങ്ങളും കടന്ന് അവര്‍ വളര്‍ന്നു. മതിയാവാതെ വന്നപ്പോള്‍ വെട്ടിപ്പിടിച്ചു, കലഹിച്ചു, യുദ്ധം ചെയ്തു, കൊന്നു കൊലവിളിച്ചു. ആയുധപ്പുരകള്‍ നിറഞ്ഞു കവിഞ്ഞു. ആധുനിക ആയുധങ്ങള്‍ക്കായി വീണ്ടും പോരാട്ടം തുടര്‍ന്നു. അങ്ങിനെ ജൈവായുധങ്ങള്‍ക്കായി ബുദ്ധിയും വിവേകവും സമര്‍പ്പിച്ചു. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

അപ്പോളാണ് ഈ അതിസൂക്ഷമാണു ആധുനിക മനുഷ്യന്റെ വേഗതക്കൊപ്പം ലോകം മുഴുവന്‍ കീഴടക്കാനൊരുങ്ങിയത്, കോവിഡ് 19. അവന്റെ യന്ത്രച്ചിറകുകളിലേറി ഭൂമിയിലെ 192 രാജ്യങ്ങളില്‍ പരിലസിക്കുകയാണ് ഈ വൈറസ്. നമിമഷങ്ങള്‍ക്കുള്ളില്‍ അംഗബലം വര്‍ദ്ദിപ്പിപ്പിച്ച് കീഴടക്കാനുള്ള സിദ്ധി അവയുടെ പോരാട്ടത്തിന്റെ ഭീകരത വര്‍ദ്ദിപ്പിക്കുന്നു.
ഇതുവരെ പിടിച്ചു കെട്ടാന്‍ കഴിയാത്ത ഈ ജൈവകണം ശക്തിയാര്‍ജ്ജിച്ചത് അതിന്റെ ജനിതകമാറ്റങ്ങളിലൂടെയാണ് എന്ന് ശാസ്ത്രം. ജനിതക മാറ്റം എന്ന പ്രതിഭാസത്തെ പാരമ്പര്യ അനുഭവസമ്പത്ത് എന്ന് വേണമെങ്കില്‍ വിവക്ഷിക്കാം. അങ്ങിനെയെങ്കില്‍ മനുഷ്യന്റെ ഓരോ ചലനങ്ങളും വേഗതയും എല്ലാം തിരിച്ചറിഞ്ഞ് ഒരുങ്ങിപ്പുറപ്പെട്ടതാണ് ഈ നവാഗത കൊറോണ വൈറസ് എന്ന് തന്നെ പറയേണ്ടി വരും. സകലതും വാരിപ്പുണര്‍ന്ന്, ഭൂമിയടെ പട്ടയം തീറെഴുതിവാങ്ങി എന്തിനൊക്കെയോ വേണ്ടി പടയോട്ടം നടത്തുന്ന മനുഷ്യന്റെ വേഗതയോടൊപ്പം ചേര്‍ന്ന്; അവന്റെ ചങ്കിലും ശ്വാസനാളങ്ങളിലും പിടിമുറുക്കിയിരിക്കുകയാണ് കൊറോണ. പ്രതിരോധിക്കാന്‍ അവന്‍ നിര്‍മ്മിച്ച ആയുധങ്ങളൊന്നും ഉപയോഗയോഗ്യമല്ല. പുതിയ ആയുധങ്ങള്‍ കണ്ടെത്താനുമായിട്ടില്ല. പക്ഷെ, മാര്‍ഗ്ഗങ്ങളൊരുക്കിയിട്ടുണ്ട്.

യുഗാന്തരങ്ങളായി അവന്‍ തീര്‍ത്ത സാമൂഹ്യജീവിതത്തിന്റെ കണ്ണിയറുക്കണം.

സാമൂഹ്യ അകലം പാലിക്കണം.

പിന്നെ, വാതിലുകള്‍ അടച്ചുപൂട്ടി അവനവന്റെ മുറികളില്‍ അഭയം പ്രാപിക്കണം.

ഇതും ഒരു യുദ്ധമാണ്. മാനവരാശിയും വൈറസും തമ്മിലുള്ള യുദ്ധം. അതിസൂക്ഷ്മതയും അതികായകത്വവും തമ്മിലുള്ള യുദ്ധം. ശബ്ദവും നിശ്ശബ്ദതയും തമ്മിലുള്ള യുദ്ധം. ഒരോ യുദ്ധങ്ങള്‍ക്കും കാരണങ്ങളുണ്ടാവാറുണ്ടല്ലോ. ലോകമഹായുദ്ധങ്ങള്‍ക്ക് കാരണങ്ങളുണ്ടായിരുന്നു. പഴശ്ശിരാജ ബ്രിട്ടീഷുകാരെ ആക്രമിച്ചതിനും, ജാലിയാന്‍ വാലാബാഗ് കൂട്ടക്കൊലക്കും  കാരണമുണ്ടായിരുന്നു.  ഈ കാരണങ്ങളെ പരസ്പരം നമുക്ക് നീതീകരിക്കാനാവില്ലല്ലോ. ഫാസിസത്തിന്റെ ആക്രോശങ്ങളും സ്വാതന്ത്ര്യത്തിന്റെ ആവേശങ്ങളും വ്യത്യസ്തമല്ലേ. അതിനാല്‍, ഇവിടെ ഇപ്പോള്‍ നടക്കുന്ന ഈ യുദ്ധത്തിനും ഒരു കാരണമുണ്ടാകാം. അത് പലതുമാകാം. ആയുധങ്ങളുടെ ഉല്‍പാദന - ശേഖരങ്ങളിലേക്കുള്ള കരുതിവെപ്പാവാം. ഭൂമിയുടെ ആവാസവ്യവസ്ഥയില്‍ കയറി കോപ്രായത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങളാവാം. അത് പ്രപഞ്ചത്തിന്റെ പ്രതികരണമാകുമ്പോള്‍ പ്രവചനാതീതമായ പ്രത്യാഘാതങ്ങളായി രൂപപ്പെടുന്നതാവാം. അല്ലെങ്കില്‍ ആയുധശേഖരങ്ങളിലേക്കുള്ള പരീക്ഷണങ്ങളാവാം. അതുമല്ലെങ്കില്‍ കാരണം കണ്ടെത്താനിരിക്കുന്നതേയുള്ളൂ എന്ന് സമാശ്വസിക്കുകയുമാവാം.

എന്തായാലും കുറച്ചു ദിവസങ്ങളായി മനുഷ്യന്‍ അവന്റെ വേഗത അല്‍പം കുറിച്ചിരിക്കുന്നു. പ്രാണഭയത്താല്‍ വീടുകളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. അത്കൊണ്ടാവാം, തെളിഞ്ഞ നീലാകാശത്തില്‍ പറവകള്‍ വട്ടമിട്ട് പറക്കുന്നുണ്ട്. മലിനമായ ജീവശാലകളില്‍ പച്ചപ്പിന്റെ തുടിപ്പുമുണ്ട്.
ഇനി പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണല്ലോ നമ്മള്‍. ഇതുവരെ ചെയ്തു വെച്ചതെല്ലാം പൂര്‍ത്തിയാക്കുവാനുള്ള വേഗമേറിയ നെട്ടോട്ടത്തിനുള്ള കാത്തിരിപ്പ്. നമ്മുടെ വേഗത ഇനിയും കൂടിയേക്കാം. അമിതവേഗതക്കിടയിലും നാമറിയാതെ കൂടെ സഞ്ചിരിക്കാനും ജീവന്‍ അപായപ്പെടുത്തുവാനുമുള്ള അപകടം ഏതു നിമിഷവും കൂടെയുണ്ടാവും. ഇത് ഇനിയെങ്കിലും ഓര്‍മ്മിക്കാന്‍ സാധിച്ചാല്‍ അല്‍പം തലമുറകള്‍ക്കെങ്കിലും ഭാവിയില്‍ ഈ മനോഹരമായ ഭൂമിയുടെ പ്രണയം ആസ്വദിക്കാം.

(2020 മെയ് 1 ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

മലപ്പുറം, ഒരു വിഹഗവീക്ഷണം

👉 വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന്, മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്ന...